Saturday, August 2, 2008

സ്വര്‍ഗ്ഗം

കുട്ടി : അച്ഛാ... അച്ഛാ.. ഈ സ്വര്‍ഗ്ഗം എന്നുവച്ചാല്‍ എന്തോന്നാ?

അച്ഛന്‍ : മോനെ, സ്വര്‍ഗ്ഗമെന്നുവച്ചാല്‍ അങ്ങു ആകാശത്താണ്‌.

കുട്ടി : ആകാശത്താണെന്നു പറഞ്ഞാല്‍ എത്ര ദൂരം?

എന്റെ സ്കൂളില്‍ പോണ ദൂരം വരുമോ?

അച്ഛന്‍ : അതിലും ദൂരം വരും

കുട്ടി : അമേരിക്കയില്‍ പോണ ദൂരം വരുമോ?

അച്ഛന്‍ : അതിലും കൂടുതല്‍ വരും.

കുട്ടി : ചന്ദ്രനില്‍ പോണ ദൂരം വരുമോ?

അച്ഛന്‍ : പിന്നേയും പോണം.

കുട്ടി : അപ്പോള്‍ എത്ര ദൂരം പോണം?

അച്ഛന്‍ : അറിയില്ല മോനെ.

കുട്ടി : അറിയില്ലെങ്കില്‍ പോകുമെന്ന്‌ എന്താ ഉറപ്പ്‌.

പിശാച്‌

ദൈവം : ഞാന്‍ സര്‍വ്വവ്യാപിയാണ്‌; ഞാനുള്ളടിടത്ത്‌ നിനക്ക്‌ സ്ഥാനമില്ല.

പിശാച്‌ : സര്‍വ്വവ്യാപിയാണെങ്കില്‍ 'ഉള്ളിടത്ത്‌' എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല.

ദൈവം : നീ തിന്മയുടെ അവതാരമാണ്‌.

പിശച്‌ : പ്രപഞ്ചത്തുള്ള സകലതിന്റേയും സ്രഷ്ടാവായ നീ തന്നെയല്ലെ തിന്മയേയും സൃഷ്ടിച്ചത്‌.

ദൈവം : നീ വേദനകളും ദുരിതങ്ങളും ഇരുട്ടും നല്‍കുന്നു.

പിശാച്‌ : അതൊക്കെയും നീതന്നെയല്ലെ ഉണ്ടാക്കിയത്‌?

ദൈവം : ഞാനറിയാതെ ഒരു ഇലപോലും അനങ്ങില്ല.

പിശാച്‌ : എങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോ?

വായ്ക്കരി

വൃദ്ധ : നിങ്ങളെന്താ ആലോചിക്കുന്നത്‌

വൃദ്ധന്‍ : നമുക്കെത്രയാ മക്കള്‍?

വൃദ്ധ : 8

വൃദ്ധന്‍ : അപ്പോ 8 മക്കളും 8 മരുമക്കളും 16 ചെറുമക്കളും ചേര്‍ന്ന്‌ 32 പേര്‍. എന്റെയും നിന്റെയും ഏഴുവീതം സഹോദരങ്ങളും അവരുടെ മക്കളും മരുമക്കളും ചെറുമക്കളും ഈ 32 പേരും ചേര്‍ന്നാല്‍ 500 ല്‍ അധികം വരും. ഇല്ലേടി?

വൃദ്ധ : അതെ. ഇപ്പൊ എന്താ ഇങ്ങനെ കണക്കുകൂട്ടാന്‍?

വൃദ്ധന്‍ : നമ്മള്‌ മരിക്കുമ്പോ ഇവരെല്ലാം വന്ന്‌ സങ്കടപ്പെടുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്യില്ലെ?

വൃദ്ധ: പിന്നെ ചെയ്യില്ലെ?

വൃദ്ധന്‍ : ഇത്രയുംപേര്‍ക്ക്‌ വായ്ക്കരി ഇടാന്‍ എത്രമാത്രം അരി വേണ്ടിവരും. അതാ ഞാന്‍ ആലോചിക്കുന്നത്‌.

വൃദ്ധ : അതെന്തിനാ അലോചിക്കുന്നത്‌?

വൃദ്ധന്‍ : അല്ല അതിപ്പോള്‍ കിട്ടിയിരുന്നെകില്‍ നമ്മള്‍ പട്ടിണി കിടക്കേണ്ടിവരില്ലായിരുന്നല്ലോ.

കൃഷ്ണനും യേശുവും

കപ്പിലെ അവസാന തുള്ളി കാപ്പിയും സ്വാദോടെ നുണഞ്ഞശേഷം കൃഷ്ണന്‍ ചോദിച്ചു : നീ ദൈവമാണൊ?

യേശു : അല്ല. ഞാന്‍ ദൈവപുത്രനാണ്‌. നീയോ?

കൃഷ്ണന്‍ : ഞാന്‍ ദൈവമാണ്‌.

യേശു : പക്ഷെ നിന്നെ അമ്പെയ്താണല്ലൊ കൊന്നത്‌. ദൈവമായിട്ടും നിനക്കെങ്ങിനെ ആ ഗതി വന്നു?

കൃഷ്ണന്‍ : ഞാന്‍ മനുഷ്യാവതാരത്തിലാണല്ലൊ.

യേശു : പക്ഷെ നീ മനുഷ്യനെപോലെയല്ലല്ലൊ പെരുമറിയത്‌.

കൃഷ്ണന്‍ : അതു ശരിതന്നെ. എന്നാല്‍ വിധിക്കുമുന്നില്‍ എനിക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ ദൈവപുത്രനായ നിനക്കും വളരെ വേദനയോടെ കുരിശില്‍ കയറേണ്ടിവന്നില്ലെ? നിന്റെ പിതാവിന്‌ നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ?

യേശു : മനുഷ്യകുലത്തിന്റെ പാപ പരിഹാരത്തിന്‌, അതെന്റെ ദൗത്യമായിരുന്നു.

കൃഷ്ണന്‍ : അപ്പോള്‍ ഇപ്പോഴും പാപികളുണ്ടാകുന്നതോ?

പായസം

പാറു : എടീ മേരി ഞാനിന്നലെ കൊണ്ടുതന്ന പായസം നീ കുടിക്കാതെ എടുത്തുകളഞ്ഞുവല്ലെ?

മേരി : അത്‌ നീ അമ്പലത്തീന്ന്‌ കൊണ്ടുവന്നതാണെന്ന്‌ പറഞ്ഞില്ലല്ലോ?

പാറു : അമ്പലത്തീന്ന്‌ കൊണ്ടുവന്നാല്‍ എന്താ കുഴപ്പം?

മേരി : വിഗ്രഹാര്‍പ്പിതമായ വസ്തുക്കള്‍ ഞങ്ങള്‍ കഴിക്കില്ല.

പാറു : എന്റെ മേരി നിനക്ക്‌ നിന്റെ ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ നീയെന്തിനാ പേടിക്കുന്നത്‌?

Wednesday, June 4, 2008


പ്രാര്‍ത്ഥന

നിഴല്‍ : നിങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ലെ?
വഴിപോക്കന്‍ : ഇല്ല
നിഴല്‍ : അപ്പൊ നിങ്ങള്‍ യുക്തിവാദിയാണല്ലെ?
വഴിപോക്കന്‍ : അല്ല
നിഴല്‍ : പിന്നെ?
വഴിപോക്കന്‍ : സ്വയം സ്തുതി നന്നല്ല.

നല്ല ദിവസം

കുട്ടിപ്പിശാച്‌ : ഇന്ന്‌ നല്ല ദിവസമാണോ അച്ഛാ?
പിശാച്‌ : എന്താ മോനെ?
കുട്ടിപ്പിശാച്‌ : പുതിയ ബിസിനസ്‌ തുടങ്ങാനാ...
പിശാച് : മോനെ ദിവസമാണോ ബിസിനസ് ആണോ നിനക്ക്‌ വലുത്‌
കുട്ടിപ്പിശാച്‌ : അത്‌ ബിസിനസ്‌ തന്നെയാണ്.
പിശാച്‌ : എന്നാല്‍ അതുമാത്രം ആലോചിച്ചാല്‍ മതി.
കുട്ടിപ്പിശാച്‌ : അല്ല, വല്ല പരാജയവും സംഭവിച്ചാലോ?
പിശാച്‌ : അതിന് മോശം ദിവസത്തിന് ഒന്നും ചെയ്യാനാവില്ല. നീതന്നെ വിചാരിക്കണം.


ജോലി

മാലാഖ : ആ ഉദ്യോഗത്തിന് എത്ര ഒഴിവുകളുണ്ട്‌
അപ്സരസ് : ഓരേഒരെണ്ണം
മാലാഖ : പക്ഷെ നമ്മള്‍ രണ്ട് അപേക്ഷകരുണ്ടല്ലൊ?
അപ്സരസ് : നമുക്ക്‌ പ്രാര്‍ത്ഥിക്കാം
മാലാഖ : അതുവേണ്ട നമ്മളുരണ്ടും രണ്ടു മതക്കാരായതിനാല്‍ ഫലം വരുമ്പോള്‍ ഒരു ദൈവം തോല്‍ക്കേണ്ടിവരും.
അപ്സരസ് : എന്നാല്‍ നീ എന്നെ പ്രാര്‍ത്ഥിക്ക്‌ ഞാന്‍ നിനക്ക്‌ ഫലം തരാം.

കരിനാക്ക്‌

കുട്ടപ്പന്‍ : നിന്റെ കരിനാക്കുകൊണ്ടൊന്നും പറയാതെടി.
കുട്ടപ്പി : എന്താ കാര്യം?
കുട്ടപ്പന്‍ : തൊലഞ്ഞുപോകും.
കുട്ടപ്പി : എല്ലാ കാര്യങ്ങളും ദൈവം തീരുമാനിച്ചപോലെയല്ലെ നടക്കൂ?
കുട്ടപ്പന്‍ : അതെ
കുട്ടപ്പി : ആ തീരുമാനത്തിന് മാറ്റം വരാന്‍ എന്റെ കരിനാക്ക്‌ മതിയെങ്കില്‍ നിങ്ങളുടെ ദൈവത്തിനാണോ എന്റെ കരിനാക്കിനാണോ ശക്തി?